അവളുടെ കഴുത്തിൽ മറ്റൊരുത്തന്റെ കരങ്ങൾ താലിച്ചരട് ചാർത്തുന്നതു കണ്ടപ്പോൾ വല്ലാത്തൊരു നൊമ്പരം തോന്നി.
വർഷങ്ങൾ നീണ്ട പ്രണയമായിരുന്നു. ഒരുപാട് സ്നേഹിച്ചിരുന്നു, അവൾ.
തിക്കും തിരക്കും കൂട്ടി ചുറ്റുമുണ്ടായിരുന്നവരൊക്കെ വയറുനിറയ്ക്കാനായി പാഞ്ഞു. വധൂവരന്മാർ ഉൾപ്പടെ കുറച്ചുപേർ മാത്രം അവിടെ അവശേഷിച്ചു. ഫ്ലാഷുകൾ മിന്നിക്കൊണ്ടേയിരുന്നു. വീഡിയോഗ്രാഫർമാർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു.
സന്തോഷമോ?. ദു:ഖമോ?. മൊണാലിസ ചിത്രം പോലെ അവളുടെ മുഖവും ഒന്നും വെളിപ്പെടുത്തിയില്ല.
"എന്നെയൊന്നു വിളിച്ചാൽ എവിടേയ്ക്കായലും ഞാൻ ഇറങ്ങി വരാം"
വീട്, വീട്ടുകാർ, നാട്ടുകാർ... ഒക്കെയ്ക്കുമുപരി 'ഞാൻ'. നിരവധി ഫ്ലാഷുകൾ തിങ്ങിനിറഞ്ഞപ്പോൾ തീരുമാനം അവളുടെ വീട്ടുകാരുടേതു തന്നെയാകട്ടെ എന്നുറപ്പിക്കേണ്ടി വന്നു.
ബോറടിക്കുന്നു എന്നു തോന്നിയപ്പോൾ ഫോണെടുത്ത് വെറുതേ കീ പാഡിലൂടെ വിരലോടിച്ചു. എന്തൊക്കെയോ ഐക്കണുകൾ സ്ക്രീനിൽ വന്നുപോയി. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്ത് ലോഗിൻ സെലക്ട് ചെയ്തു.
എന്നോ ഒരിക്കൽ ഇതുപോലെ ഫ്രണ്ട്സിനിടയിൽ നിന്ന് അവളെന്നെത്തേടി, ഏയ് ഞാൻ അവളെത്തേടിയായിരുന്നില്ലേ?. പിന്നീടെപ്പോഴോ അത് പ്രണയത്തിനു വഴിമാറിക്കൊടുത്തു.
പ്രണയം.....?!.
ഇക്കാലത്ത് ആരെങ്കിലും സത്യസന്ധമായി പ്രണയിക്കുമോ?. അങ്ങനെയുണ്ടെങ്കിൽ അവൻ/അവൾ വെറും മണ്ടൻ. യൗവ്വനമാകുമ്പോൾ ആൺപെൺ ഭേദമന്യേ വളയയ്ക്കാനും വളയാനും തുടങ്ങും. ഏറെക്കുറേ പരാജയപ്പെടും, ചിലതൊക്കെ വിജയം കാണും. എന്തിന്?.
ചിന്തകൾക്ക് ഭാരം കൂടിയെന്ന് തോന്നിയപ്പോൾ മുന്നിലിരുന്ന ആ സൗന്ദര്യ രൂപത്തിലേക്ക് പ്രകാശം തട്ടി തന്റെ റെറ്റിനയിലേക്ക് പതിച്ചു. അപ്പോഴേക്കും മനസ്സിൽ ആ സ്ഥിരം ചോദ്യം കടന്നു വന്നു. എന്തുകൊണ്ടോ ഉത്തരവും ഒപ്പമെത്തി.
"ശ്രമിച്ചാൽ വളയും"
"തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ല. തോൽക്കാൻ തുടങ്ങിയ ഇവിടെനിന്നു തന്നെ......."