14 January 2016

എന്റെ കഥ

കഴിഞ്ഞ ദിവസത്തെ ടാർഗറ്റ് അച്ചീവ് ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
പലവിധ ഭാവങ്ങളാൽ ഓരോ മുഖങ്ങളും അവയിലെ ഓരോ ജോഡി കാതുകളും ശ്രോതാക്കളായി നിലകൊണ്ടു.
സാധാരണ കൂടുതൽ പെർസന്റേജ് കോൺട്രിബ്യൂട്ട് ചെയ്യാറുള്ള മെൻസ് ക്യാഷ്വൽ വെയറിന്റേത് കഴിഞ്ഞ ദിവസം വളരെ കുറവായിരുന്നു. എന്താ സ്വപ്നാ സംഭവിച്ചത്?
സ്റ്റാഫ് മീറ്റിംഗിനിടയിൽ ഉടലെടുത്ത അത്തരമൊരു ചോദ്യത്തിനു മെൻസ് ക്യാഷ്വൽ വെയർ ഇൻ ചാർജ് സ്വപ്ന ഒന്നോ രണ്ടോ സെക്കന്റുകൾക്കിടയിൽ എസ്.എം ന്റെ മുഖത്തേക്ക് തന്റെ ദൃഷ്ടിയെ കൊണ്ടെത്തിക്കുകയും എന്നാൽ അയാളുടെ ചോദ്യത്തിനു ഉത്തരം നൽകാൻ കഴിയാതെ വൃദ്ധകളുടെയെന്ന പോലെ ചുണ്ടുകൾ ചലിപ്പിക്കുകയും ചെയ്‌തു. എന്നാലാ ചലനങ്ങളിൽ ആശയവിനിമയത്തിനനുയോജ്യമായ ഒന്നും തന്നെ അടങ്ങിയിരുന്നില്ല.
ജോലിത്തിരക്കു കഴിഞ്ഞ് ഷോപ്പിൽ നിന്നും പുറത്തേക്കിറങ്ങി ബസ് സ്റ്റോപ്പിലേയ്‌ക്ക് നടക്കുമ്പോഴും ആറ് നാല്പതിന്റെ സർക്കാർ ബസ്സ് കയറി തന്റേത് എന്ന് പൂർണമായി പറയുവാൻ സാധിക്കാത്തതും എന്നാൽ ഇപ്പോൾ തന്റേത് മാത്രമായ ഹോസ്റ്റൽ റൂം ലക്ഷ്യമാക്കിയുള്ള യാത്രയിലുടനീളവും അവളുടെ ചിന്തകൾ മറ്റേതൊക്കെയോ ദേശങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.
മനസും ശരീരവും ഏതാണ്ട് ഒരേ സമയം സഞ്ചാരമവസാനിപ്പിയ്‌ക്കുകയും ഹോസ്റ്റൽ റൂമിൽ തനിക്കു വിധിക്കപ്പെട്ട ബെഡിലേക്ക് സ്വന്തം ശരീരമുപേക്ഷിക്കുകയും ചെയ്‌തു. ഇതേ നിമിഷം ഭിത്തിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഘടികാരത്തിന്റെ കൈകൾ എട്ടുമണിക്ക് എത്തിച്ചേരേണ്ട തൽസ്ഥാനങ്ങളിൽ നിൽക്കുകയും തുടർന്ന് മുന്നോട്ടു ചലിക്കുകയും ചെയ്‌തു.
ഇരുട്ടിൽ ബെഡിൽ ശൂന്യമായി അവശേഷിച്ച ഭാഗം പരതി അഞ്ചിഞ്ചു വലിപ്പമുള്ള മൊബൈൽ ഫോൺ കണ്ടെത്തിയതോടൊപ്പം അതിനു മുകൾ ഭാഗത്തായി ക്രമീകരിച്ചിരുന്ന പവർ കീയിൽ വിരലമർത്തി.
പന്ത്രണ്ട് മുപ്പത്തിനാല് എ.എം എന്ന് സ്‌ക്രീനിന്റെ ഇടത് വശത്ത് മുകളിലായി തെളിഞ്ഞു നിന്നു. അതിനു താഴെ പകുതി മങ്ങി നിന്ന ഒൻപത് ഡോട്ടുകളിലങ്ങിങ്ങായി അവളുടെ വിരലുകൾ ചലിച്ചു.
ഡാറ്റ കണക്ഷൻ എനേബിൾ ചെയ്തപ്പോഴേക്കും ഫെയ്‌സ്ബുക്ക് മെസ്സെഞ്ചറിലും വാട്ട്സ് ആപ്പിലുമായി കുറേയേറെ മെസ്സേജുകൾ വന്നു നിറഞ്ഞു.
എന്താ സ്വപ്ന ഒന്നും മിണ്ടാത്തെ?
വായിച്ചുകൊണ്ട് അവൾ അറിയാതെ ചിരിച്ചുപോയി. തന്റെ വാക്കുകൾക്കായി ഒരാൾ കാത്തിരിക്കുന്നുണ്ടു പോലും! തന്റെ ശബ്ദം പോലും തന്നിൽ നിന്നകന്നു പോയതായി അവൾക്കു തോന്നി. യന്ത്രങ്ങളെപ്പോലെ ഒരേ കാര്യങ്ങൾ തന്നെ ദിവസവും ചെയ്‌തു കൊണ്ടിരിക്കുന്നു.
നഗരത്തിലെ മുന്തിയ ഷോപ്പിലെ സെയിൽസ് ഗേൾ, അല്ല. കസ്റ്റമർ സർവീസ് അസിസ്റ്റന്റ്. അവൾ തിരുത്തി. അങ്ങനെയൊരു ജോലിപോലും താൻ വെറുത്തു തുടങ്ങിയിരിക്കുന്നു.
ഇരുപത്തിയെട്ടു വർഷങ്ങൾ തന്റെ മനസിനും ശരീരത്തിനും വരുത്തിയ മാറ്റങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ ഭൂരിഭാഗം മനുഷ്യർക്കും സംഭവിച്ചിട്ടുള്ളതു പോലെ നഷ്ടങ്ങൾ മാത്രമായിരുന്നു തന്റെയും ജീവിതത്തിൽ. വേണ്ട, സ്വന്തം ജീവിതം ഓർത്തെടുക്കുവാൻ ശ്രമിയ്‌ക്കേണ്ട. അതൊരു ക്ലീഷേ മാത്രമായി മാറും. അവൾ സ്വയം അതിൽ നിന്നും പുറത്തു കടക്കുവാൻ ശ്രമിച്ചു.
എന്താണിപ്പോളുമൊന്നും പറയാത്തെ?
വീണ്ടുമയാളുടെ മെസ്സേജ് മെസ്സെഞ്ചറിൽ പ്രത്യക്ഷപ്പെട്ടു.
ഫെയ്‌സ്ബുക്ക് ഐ.ഡി ക്രിയേറ്റ് ചെയ്‌ത കാലങ്ങളിലെന്നോ ലഭിച്ച ഫ്രണ്ട് ആണ് സുധീപ്. അന്നയാളുടെ വാക്കുകളിൽ മാന്യതയുടെ നിഴലുകൾ അനുഭവപ്പെട്ടിരുന്നു. അതിനാലാകാം കണ്ടിട്ടില്ലാത്ത ഒരു നല്ല ഫ്രണ്ടായി മാറുവാനയാൾക്കു കഴിഞ്ഞത്. അതുകൊണ്ടു കൂടിയാകാം തന്റെ ജീവിതത്തിലുണ്ടായ വീഴ്‌ചകൾ എന്നോ ഒരിക്കൽ അയാളോടു പറഞ്ഞത് (മനസ് അരുത് എന്നു പറഞ്ഞിരുന്നുവെങ്കിൽക്കൂടി).
അതിന് അയാളിൽ നിന്നുണ്ടായ മറുപടി ആ ഫ്രണ്ട്ഷിപ്പിന്റെ ദൃഡത ഉറപ്പിയ്‌ക്കാൻ പോന്നതായിരുന്നു.
ജീവിതത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. ചിലപ്പോൾ നമ്മൾ പോലുമറിയാതെ സംഭവിച്ചു പോയവ. അവയെയോർത്ത് വ്യാകുലപ്പെട്ടുകൊണ്ടേയിരുന്നാൽ നമ്മളാ ചെളിക്കുണ്ടിൽ തന്നെ നിന്നുപോകുകകയേയുള്ളൂ. മുന്നോട്ടു നടക്കണം. ഒരല്പം ആയാസത്തോടെയാണെങ്കിലും ഒരുപക്ഷേ കാലത്തിനൊപ്പം നടക്കാനായില്ലെങ്കിലും ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടേണ്ടി വരില്ല.
അയാൾ നല്ലൊരു സുഹൃത്തായി മാറുകയായിരുന്നോ?
പലപ്പോഴും രാത്രികളിൽ താൻ ഓൺലൈനിൽ ആയിരിക്കുമ്പോൾ ഇൻബോക്സിൽ പ്രത്യക്ഷപ്പെടാറുള്ള മെസ്സേജുകളുടെ മറുഭാഗത്തുണ്ടായിരുന്ന മനുഷ്യരിൽ - ആൺ വർഗത്തിൽ - ഒരു നല്ല മനുഷ്യനായി അകലെ മാറിനിന്നത് അയാൾ മാത്രമായിരുന്നു.
മറ്റുള്ളവർ ഒന്നോ രണ്ടോ ഹായ്കൾക്കപ്പുറം വാട്ട്സ് ആപ്പ് നമ്പർ അന്വേഷിക്കുന്നതിൽ അവസാനിച്ചു നിന്നു.
പ്രവാസിയായിരുന്ന അയാൾക്ക് തന്റെ ക്യാരക്ടർ ഇഷ്ടമായെന്നും വീട്ടിലെത്തിയാൽ വന്ന് ആലോചിക്കട്ടെയെന്നുമുള്ള ചോദ്യത്തിനു വേണ്ട എന്ന മറുപടി പറയുവാൻ മാത്രമേ തോന്നിയുള്ളൂ.
അയാളോടുള്ള അനുകൂലമായ പ്രതികരണങ്ങൾ ഒരുപക്ഷേ തന്റെ ജീവിതത്തിൽ പിന്നീട് കറുത്ത ഒരേടായി മാറുമന്നവൾ ഭയപ്പെട്ടു. കാരണങ്ങൾ വളരെ മുൻപു തന്നെ പറഞ്ഞിരുന്നതിനാലാകും പിന്നീടൊന്നും ചികഞ്ഞെടുക്കുവാനയാളും ശ്രമിക്കാതിരുന്നത്.
 അയാളുടെ മെസ്സേജ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു.
എനിയ്‌ക്ക് തന്നെയൊന്നു കാണണം സംസാരിയ്‌ക്കണം. വാട്ട്സ് ആപ്പ് നമ്പർ പറയ്... പ്ലീസ്.
ഒന്നോ രണ്ടോ മിനിറ്റുകൾ അവൾ ഫോണിലേയ്‌ക്ക് നോക്കിയിരുന്നു. സ്‌ക്രീൻ കറുപ്പിനാലാവരണം ചെയ്യാൻ തുടങ്ങിയപ്പോൾ ഡാറ്റ കണക്ഷൻ ഡിസേബിൾ ചെയ്‌ത് കുറച്ചു നേരമവൾ കണ്ണുകളടച്ച് തല ഭിത്തിയിലേക്ക് ചാരി.
ഈ ലോകത്തിൽ ആരെയും വിശ്വസിക്കുവാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ തന്നെപ്പോലും. ഒരു കണ്ണുകൊണ്ട് മന്ദഹസിക്കുമ്പോൾ മറുകണ്ണുകൊണ്ട് ശരീരത്തെ അളന്നെടുക്കുന്നു. അതാണിപ്പോൾ തനിക്കു ചുറ്റുമുള്ള ലോകം. അത്തരമൊരു ചിന്ത അവളിൽ ഒരു ദീർഘനിശ്വാസമായി പരിണമിച്ചു.
ഇവിടെ താൻ തിരഞ്ഞെടുക്കുന്നതെന്തോ അതാകും തന്റെ നാളെകളെ നിർണയിക്കുന്നത്.
ജീവിതം നൽകുന്ന ഭാഗ്യപരീക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് വീണ്ടുമൊരിക്കൽക്കൂടി തന്റെ മനസ്സിനെയും ശരീരത്തെയും സമർപ്പിയ്‌ക്കുവാനവൾ മടിച്ചു.
ഒരിക്കൽക്കൂടി ഫോൺ എടുത്തു. മെസ്സെഞ്ചർ ഓപ്പൺ ചെയ്‌തു.
സോറി, എനിക്കതിൽ താല്പര്യമില്ല.
സ്വപ്‌ന?
അത്ര മാത്രമായിരുന്നു അതിനയാളുടെ പ്രതികരണം.
മനസ് കുറച്ചു ശാന്തമായതു പോലെ.
മറ്റെന്തോ ചിന്തിച്ചിട്ടെന്ന പോലെ അവൾ ഫെയ്‌സ്ബുക്ക് ലോഗിൻ ചെയ്‌തു. അപരിചിതരായി ഫ്രണ്ട്സ് ലിസ്റ്റിൽ ഉണ്ടായിരുന്നവ ഓരോന്നായി അൺഫ്രണ്ട് ലിസ്റ്റിലേക്ക് നീക്കി, പ്രൊഫൈൽ റീഫ്രഷ് ചെയ്‌തു. അവശേഷിക്കുന്നവ തന്റെ ചുരുക്കം ഫ്രണ്ട്സ്! അക്കൂട്ടത്തിൽ അയാളുടെ പേരും അവശേഷിക്കുന്നു.
ഒരിക്കൽക്കൂടി പ്രൊഫൈൽ റീഫ്രഷ് ചെയ്‌തു. അതിനൊപ്പം മറ്റൊരു അശ്ലീല പേജുകൂടി പ്രതക്ഷപ്പെട്ടു! സുധീപ് ഷെയേർഡ് വിത് ത്രീ അതേർസ്
ഒരിക്കൽക്കൂടി അവൾ അൺഫ്രണ്ട് ലിസ്റ്റിലെത്തി.
തന്റെ തീരുമാനം. അതു തന്നെ മറ്റൊരു പ്രതികൂല സാഹചര്യത്തിൽ നിന്ന് പുറത്തെത്തിച്ചിരിക്കുന്നു, ചിന്തകളുടെ അറിയപ്പെടാത്ത വഴികളിൽ നിന്നും.
ചുറ്റുപാടുകൾ പുതിയൊരു പ്രഭാതത്തിനായി തയ്യാറെടുത്തുകൊണ്ടിരുന്നു. അതിനൊപ്പം ഇന്നലെകളുടെ ഭാരമേറിയ ദുഷിച്ച ഭാണ്ഡങ്ങൾ അവൾ ഉപേക്ഷിക്കുവാൻ തുടങ്ങി.
*****
പുതിയൊരു രചന കൂടി ബൂലോകത്തു നിന്നും വായിച്ചു. മൗസ് താഴേക്ക് സ്‌ക്രോൾ ചെയ്‌തു.

3 അഭിപ്രായങ്ങൾ

സ്വപ്‌ന Jan 8, 2016 12:00 pm
എന്റെ ജീവിതം ഒരു കഥയായി മാറുകയാണിവിടെ.

ജീവിതം പലപ്പോഴും അങ്ങനെയാണ് സ്വപ്‌ന. വല്ലാതെ വഴിമുട്ടി നിൽക്കും. എങ്കിലും മുന്നോട്ടു നീങ്ങാൻ ഒരു പാത കണ്ടെത്താനാകും. ആശംസകൾ.

Ajith  January 11, 2016 10:50 am
          ഓരോ ജീവിതവും കാലം ഏറുമ്പോൾ കഥകൾ മാത്രമാകും. കഥകൾ!

ശരീരം നശ്വരമാണ്. ആത്മാവ് അനശ്വരവും. ആശംസകൾ.

പുതിയൊരു അഭിപ്രായം രേഖപ്പെടുത്തുന്നതിനു വേണ്ടിയുള്ള കഴ്‌സർ മിന്നിക്കൊണ്ടിരുന്നു. പതിയെ അവിടെ അക്ഷരങ്ങൾ തെളിഞ്ഞു തുടങ്ങി.

അക്ഷരങ്ങൾക്ക് പുതിയൊരാത്മാവിനെ സൃഷ്ടിക്കുവാനുള്ള കഴിവുണ്ട്. ആശംസകൾ.