07 December 2013

അനാമകം

ഏഴഴകാണ് കറുപ്പിനെന്ന് ആരോ പണ്ട് പറഞ്ഞത് ഓർമയിൽ വന്നതിനാലാകാം തന്റെ മുന്നിലിരിക്കുന്ന എണ്ണമെഴുക്ക് തോന്നുന്നിക്കുന്ന കറുത്ത കോപ്പയെ വാത്സല്യത്തോടെ തലോടുവാൻ തന്നെ പ്രേരിപ്പിച്ചത്. എന്നാൽ കപ്പിലുള്ള ദ്രാവകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിച്ചേക്കാവുന്നതുമായ വസ്തുതകൾ കണക്കിലെടുത്ത് ചെറിയൊരു നെടുവീർപ്പിലൂടെ മറ്റുള്ളവയ്‌ക്ക് വിരാമം സൃഷ്ടിച്ചുകൊണ്ട് കറുപ്പു പടർന്നിരിക്കുന്ന ഇളം ചൂടു കട്ടൻ അയാൾ പാനം ചെയ്യാനൊരുമ്പെട്ടു.
എടിയേ…”
അകത്തേക്കു നോക്കി നീട്ടിവിളിക്കുവാനായി അയാളുടെ വായ തുറക്കുകയും നാവ് വളയുകയും ചെയ്‌തു.
          ന്താ മനുഷ്യാ
വർഷങ്ങൾക്കു മുൻപ് നിയമപരമായി വിവാഹമോചനം നേടിയെടുക്കുകയും മറ്റെവിടെയോ ജീവിക്കുകയും ചെയ്യുന്ന തന്റെ ഭാര്യയായിരുന്നവളിൽ നിന്ന് ഇപ്പോൾ ഇത്തരത്തിലൊരു മറുപടിയ്‌ക്കു വകയില്ലെന്ന് തിരിച്ചറിഞ്ഞ് താടിയും തടവി വീണ്ടും പഴയപടി ഇരിപ്പ് തുടർന്നു.
          പെട്ടെന്ന് അയാൾ മുറിയ്‌ക്കുള്ളിലേക്ക് കടക്കുകയും പഴകിക്കറുത്ത മേശയുടെ മൂടി വലിച്ചു തുറന്ന് എന്തോ തിരയുവാനാരംഭിക്കുകയും ചെയ്‌തു. മേശയ്‌ക്കുള്ളിലെ ഇരുട്ടിൽ തിങ്ങിക്കഴിഞ്ഞിരുന്ന കുറേയേറെ കടലാസുകൾ കിലുകിലാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അയാളുടെ കൈകളിലൂടെ പുറത്തെ വെളിച്ചത്തിലേക്ക് ചാടുകയും ചിലതൊക്കെ കുന്തിച്ചിരുന്ന അയാളുടെ കുണ്ടിക്കു കീഴെ തൊട്ടുരുമ്മി കിടക്കുകയും ചെയ്‌തു. അതിലൊന്നിൽ താൻ കുറച്ചു വർഷങ്ങൾക്കു മുൻപ് സഞ്ചരിച്ചതിന്റെ ബാക്കിയായി അവശേഷിച്ച തീവണ്ടി ശീട്ടും ഉണ്ടായിരുന്നു.
                 *   *   *   *   *   *   *
    ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണെന്നാരോ പറഞ്ഞു. എതിരേയുള്ള പാളത്തിലൂടെ ഏതോ ഒരു തീവണ്ടി പോകാനുണ്ടത്രേ! അതു കഴിഞ്ഞേ തന്നെയും വഹിച്ചുകൊണ്ടിതു ചലിക്കുകയുള്ളൂ.
മീനവെയിൽ കഷണ്ടി ബാധിച്ചിരുന്ന അയാളുടെ നെറ്റിയിൽ കളിയാടുകയും പരിണിതഫലമായി സൃഷ്ടിക്കപ്പെട്ട വിയർപ്പുകണങ്ങൾ ചുളിവുവീണ നെറ്റിയിലൂടെ മലമുകളിൽ നിന്നുത്ഭവിച്ച് നീർച്ചാലുകളിലൂടെയെന്ന പോലെയൊഴുകി പുരികത്തിൽ തഴച്ചുവളർന്നു നിന്ന രോമങ്ങൾക്കുള്ളിലെവിടെയോ പോയൊളിച്ചു. പിന്നീടവ ഉറുമ്പിൻ തലയോളം പോന്ന ഉപ്പുകണങ്ങളായി രൂപാന്തരപ്പെടുകയും അവയിൽ അയാളുടെ കൈവിരലുകൾ, മരിച്ച പുഴയിൽ നിന്നും മണൽ കോരുന്ന യന്ത്രക്കൈകളെന്ന പോലെ പ്രവർത്തിക്കുകയും ചെയ്‌തു.
          ഏതോ ഒരു ഭ്രാന്തൻ കോറിയിട്ട വരകൾ പോലെ ഒരു തീവണ്ടി എതിർദിശയിലുണ്ടായിരുന്ന പാളത്തിലൂടെ ശബ്ദമുണ്ടാക്കിക്കൊണ്ട് കടന്നുപോയി. ശേഷം ചുരമിറങ്ങി വന്ന തന്നെയും വയറിലാക്കി വടക്കേയറ്റത്തുനിന്നും തീവണ്ടി അങ്ങു തെക്കോട്ടു ചൂളം വിളിചുകൊണ്ടോടാൻ തുടങ്ങി.
                             *        *        *        *        *        *        *        *
          ചുറ്റും ചിതറിക്കിടന്ന കടലാസു കഷ്ണങ്ങൾ അയാളെ നോക്കിച്ചിരിച്ചു. മേശ ശൂന്യമായി. ആ ശൂന്യതയിലേയ്‌ക്ക് ചുറ്റിനും കിടന്ന കടലാസുകൾ പെറുക്കിക്കൂട്ടിയെറിഞ്ഞ്  അയാൾ എഴുനേറ്റു.
                             *        *        *        *        *        *        *        *
          തെക്കോട്ടോടിയ വണ്ടി തലസ്ഥാന നഗരിയിൽ എത്തി കിതച്ചു നിന്നു. തീവണ്ടിയുടെ വയറിൽ നിന്നും പുറത്തുചാടി കൈയ്യിൽ കരുതിയ ബാഗും പിടിച്ച് അയാൾ ആ നഗരത്തിനുള്ളിലേക്കെവിടെയോ ബസ്സുകയറി. അറിയാത്ത കുറേയേറെപ്പേർ തന്നെ തൊട്ടുരുമ്മി നിന്നു. മൊബൈൽ ഫോണുകൾ ചുറ്റിനും തൊണ്ടപൊട്ടി പാടുകയും വിറയ്‌ക്കുകയും ചെയ്‌തു.
          പണ്ടൊരിക്കൽ അമ്മയുടെ വയറ്റിൽ നിന്നും പുറത്തുവന്ന് താൻ കണ്ണുതുറന്നു കണ്ട ലോകത്തേയ്‌ക്ക് അയാൾ ബസ്സിറങ്ങി. ജനിച്ച നാട്. വളർന്ന നാട്!
                             *        *        *        *        *        *        *        *
          അലമാരിയിലോ തുകൽ സഞ്ചിയിലോ ഇപ്പറഞ്ഞ രണ്ടു വസ്തുക്കൾക്കും അങ്ങനെയൊരു നാമം നൽകുവാനുള്ള പരിമിതികളുണ്ടെങ്കിലും അന്വേഷിക്കേണ്ടതുണ്ടോ എന്ന ചിന്ത അയാളിലുടലെടുത്തു. അത് ശരിവച്ചുകൊണ്ട് അലമാരിയിലേക്ക് അയാൾ തിരച്ചിൽ പരിവർത്തനം ചെയ്‌തു.
പഴകിയതും മുഷിഞ്ഞുനാറുന്നവയുമായ കുറേയേറെ തുണിക്കെട്ടുകൾ പേറിയിരുന്ന അവിടം അയാളുടെ വിയർപ്പു ഗന്ധത്തിനാൽ ദുഷിച്ചിരുന്നു. ഇതുവരെയുണ്ടായിട്ടില്ലാത്ത ഒരറപ്പ് അയാൾക്ക് തന്നോടുതന്നെ അപ്പോൾ തോന്നി.
*        *        *        *        *        *        *        *
മ്മാ ദേ…”
മുറ്റത്തുനിന്ന കുട്ടി അകത്തേക്കോടി. അകത്തുനിന്നും ചെറുപ്പം വിട്ടുമാറിയ ഒരു സ്ത്രീ പുറത്തേക്കുവന്നു.
ഗോപീന്റെ വീടുതന്നെയല്ലേ?
ആരാ?
അപരിചിതന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകാതെ, മറ്റൊരു ചോദ്യം അവരിൽ നിന്നുമുണ്ടായി.
ഗോപീന്റെ ഒരപ്പച്ചീടെ മോനായിട്ടുവരും. ആളിവിടില്ലേ?
ഇല്ലയെന്ന ഉത്തരം നൽകുന്നതിനോടൊപ്പം ആഗതന് ഉമ്മറത്തേക്ക് ഒരു കസേര വലിച്ചു നീക്കിയിട്ടുകൊടുക്കുകയും ചെയ്‌തു.
          സന്ധ്യയോടടുത്തപ്പോൾ ഗോപിയെത്തുകയും അതിഥിയെ മനസ്സിലാക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. കുറച്ചു ദിവസത്തേയ്‌ക്ക് ഇവിടെ തങ്ങുകയാണ് ഉദ്ദേശ്യമെന്ന് അയാളുടെ വാക്കുകളിൽ നിന്ന് പരോക്ഷമായി മനസ്സിലാക്കുകയും ഭാര്യയെ അറിയിക്കുകയും ചെയ്‌തു. എന്നാൽ എത്ര ദിവസത്തേക്കെന്നുള്ളത് അജ്ഞാതമായിരുന്നു. ചോദിക്കാൻ അയാളുടെ മനസ്സ് സമ്മതിച്ചതുമില്ല.
          കിടക്കുമ്പോൾ ആതിഥേയന്റെ മനസ്സുനിറയെ തങ്ങളുടെ ഇല്ലായ്‌മകൾക്കിടയിലേക്ക് വയറുവീർത്ത ബാഗുമായെത്തിയ വ്യക്തിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ചെറുപ്പത്തിലെങ്ങോ നാടുവിട്ടവന്റെ പ്രത്യക്ഷപ്പെടലിനുള്ള കാരണം കണ്ടെത്തുവാനാകാതെ അയാൾ ഉറക്കത്തിലേക്കു കടന്നു.
                             *        *        *        *        *        *        *        *
          അവശേഷിച്ച തുകൽ സഞ്ചിയും അയാളുടെ കൈയ്യുകളാലും കണ്ണുകളാലും പീഡിപ്പിക്കപ്പെട്ടു. അയാളാഗ്രഹിച്ചത് നൽകുവാനാകാതെ തുകൽ സഞ്ചി അയാളുടെ കൈയ്യിലിരുന്ന് പിടഞ്ഞു. ചുറ്റിനും പഴയ ഓർമകൾ തളം കെട്ടി.
                             *        *        *        *        *        *        *        *
          അടുത്ത പ്രഭാതത്തിൽ അതിഥിയുടെ ബാഗിന്റെ വീർത്ത വയറു തുറക്കപ്പെട്ടു. പുറത്തേക്ക് ചാടുവാൻ വെമ്പിനിന്ന മുഷിഞ്ഞ കുറച്ചു തുണികൾ ആരോടും അനുവാദം ചോദിക്കാതെ പുറത്തേക്കു ചാടി. അവശേഷിച്ചവ അയാൾ ശ്രദ്ധയോടെ എടുത്ത് അടുത്തുകണ്ട മേശപ്പുറത്തു വച്ചു. അവ പുറം ചട്ടകൾ നശിച്ചവയും അല്ലാത്തവയുമായ പുസ്തകങ്ങളായിരുന്നു!
                             *        *        *        *        *        *        *        *
          താൻ താലികെട്ടിയ സ്ത്രീ മറ്റൊരുവന്റെ ഭാര്യയായതും അവന്റെ കുട്ടികളുടെ അമ്മയായതും അയാൾ ഇടക്കൊക്കെ സ്വപ്നം കണ്ടുണർന്ന് ചിരിയ്‌ക്കുകയും കരയുകയും ചെയ്‌തു. അതയാളുടെ അസുഖത്തിന്റെ തുടർച്ചിയായിരുന്നു. തന്റെ സഹധർമ്മിണി തന്നെ വിട്ടുപോകുവാൻ കാരണമായ അതേ അസുഖത്തിന്റെ തുടർച്ച.
                             *        *        *        *        *        *        *        *
          അധികസമയവും പുസ്‌തകങ്ങൾക്കൊപ്പമായിരുന്നു അയാൾ. ഒന്നോ രണ്ടോ പുസ്‌തകവുമായി ഏതെങ്കിലും തണലിൽ പായവിരിച്ചിരിയ്‌ക്കുന്നതും വായിക്കുകയും കിടക്കുകയും ചെയ്‌തു. അന്യന്റെ കരുണയാൽ ശരീരത്തിനാഹാരവും മനസിനക്ഷരങ്ങളും നൽകി മുന്നോട്ടുപോയ അയാളുടെ ജീവിതത്തിന് പതിയെ രൂപമാറ്റങ്ങൾ സംഭവിച്ചുതുടങ്ങുകയും അതയാളുടെ രണ്ടാം നാടുവിടലിൽ കലാശിക്കുകയും ചെയ്‌തു. തന്റെ നാടുവിടലിനാസ്പദമായതെന്നു തോന്നിപ്പിയ്‌ക്കുന്നതും അതിനുപരി താൻ ചെയ്‌തു എന്ന് സ്വയം സമർത്ഥിയ്‌ക്കുന്ന തെറ്റുകൾക്കുള്ള മാപ്പിരക്കലിലൂടെയെന്ന രീതിയിൽ കടന്നുപോകുന്ന കത്ത് ഗോപിയ്‌ക്ക് തപാൽ ചെയ്‌തതോടു കൂടി അയാളാ സർഗ്ഗത്തിനു തിരശ്ശീലയിട്ടു.
                             *        *        *        *        *        *        *        *
          വിവാഹശേഷമെപ്പോഴോ പണ്ടെങ്ങോ മോഹാലസ്യത്തിലാണ്ടു പോയ അസുഖം വീണ്ടുമുയിർത്തെഴുന്നേറ്റതും അത് തന്നെ ആശുപത്രിയിലെത്തിക്കുകയും തന്റെ ഭാര്യയിലുടലെടുത്ത ഭയം വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്‌ത കഥയോർത്ത് അയാൾ ചിരിച്ചുകൊണ്ട് കരഞ്ഞു.
          തന്റെ വീടാകെ കറുത്ത ചായം കൊണ്ടു നിറഞ്ഞതായി അയാൾക്കു തോന്നി. ഓർമകൾ, യാത്രകൾ, ചിന്തകൾ എല്ലാം അതിൽ മറയുവാൻ തുടങ്ങിയോ എന്ന ഭയം ഉടലെടുത്തു. സ്നേഹവും പ്രതീക്ഷയും കരുണയും കരുതലും കറുപ്പിനാൽ മൂടപ്പെടുന്നതായി തോന്നി. കണ്മുന്നിലുണ്ടായിരുന്നവയെല്ലാം പെട്ടെന്ന് മറയുകയും പതിയെ തെളിയുകയും ചെയ്‌തു. ആ വെളിച്ചത്തിൽ സഞ്ചിയിലവശേഷിച്ചിരുന്ന വസ്‌തുവകകൾക്കിടയിൽ തന്റെ പത്തിരുപതു കൊല്ലം മുൻപുള്ള മുഖം അയാൾ കണ്ടു. ഒപ്പം ഒരു സ്ത്രീ രൂപവും. വേദനിക്കുന്നവനു ചിരിക്കാൻ കഴിയുന്ന ഏറ്റവും സുന്ദരമായ ചിരി അപ്പോൾ അയാളിൽ വെളിവായി.