24 November 2013

സമാപ്തി



മരുന്നുകളുടെ ഗന്ധം തിങ്ങിനിൽക്കുന്ന ആശുപത്രി വരാന്തയിലൂടെ ഡോക്ടർ രാഹുൽ തനിക്കു കഴിയുന്നത്ര വേഗതയിൽ നടന്നു. അയാളുടെ മുന്നിൽ തന്റെ പകുതിയും മരണത്തിനെറിഞ്ഞു കൊടുത്ത് ബാക്കി പകുതിയ്ക്കായി മരണത്തിനോട് മല്ലടിക്കുന്ന രോഗിയേയും വഹിച്ചുകൊണ്ടുള്ള ഉന്തുവണ്ടിയും ശുദ്ധവായു നൽകുന്നതിനാവശ്യമായ സാമഗ്രികളും ഇതിനെയൊക്കെ തെളിച്ചുകൊണ്ടുള്ള ആശുപത്രിയിലെ ഒരു കീഴ്ജീവനക്കാരിയേയും കാണപ്പെട്ടു.
തനിക്ക് അജ്ഞാതമായ ഏതോ രോഗിയെ ഡോക്ടറും മറ്റാരുമൊക്കെയോ ചേർന്ന ഒരു സംഘം കിടക്കയിൽ നിന്ന് ഉന്തുവണ്ടിയിലേക്ക് സ്ഥാനാരോഹണം നൽകുന്നതും നോക്കി അൺനോൺ എന്ന് ആശുപത്രി റെക്കോർഡുകളിൽ എഴുതപ്പെട്ട മനുഷ്യൻ നോക്കിയിരുന്നു പരമാർത്ഥത്തിൽ അയാൾ കിടക്കുകയായിരുന്നു തനിക്കു ചുറ്റും കാണപ്പെട്ട രോഗികളിൽ പലരും ഓരോരോന്നിലായി വ്യാപൃതരായിരുന്നു. അവർക്കു ചുറ്റും സുഖവിവരങ്ങളന്വേഷിച്ചും പരിചരിച്ചും നിർവികാരതയോടെ ഔപചാരികതയുടെ വക്താക്കളായതുമായ കുറേയേറെ സഹജീവികളേയും കാണാമായിരുന്നു.
പരിചാരകരും പരിചിതരുമില്ലാതെ അപരിചിതരായ കുറേ മനുഷ്യരിലേക്ക് കണ്ണും നട്ട് അജ്ഞാതനായി പ്രഖ്യാപിക്കപ്പെട്ട അയാൾ തളർന്നുകിടന്നു.
            ഡോക്ടർ രാഹുൽ തനിക്കു കഴിയുന്നത്ര ശക്തിയിൽ തന്റെ കൈകൾ ഉന്തുവണ്ടിയിൽ കിടത്തപ്പെട്ട രോഗിയുടെ നെഞ്ചിലേക്കമർത്തി. പലതവണയതാവർത്തിക്കപ്പെട്ടു. നിലച്ചുവെന്ന് അനുമാനിച്ചിരുന്ന അയാളുടെ ശരീരത്തിൽ വീണ്ടുമൊരു വിറയൽ അനുഭവപ്പെട്ടുവെന്നു തോന്നിയപ്പോൾ രാഹുൽ തന്റെ ഹൃദയസ്പന്ദന പരിശോധിനിയുടെ ഒരഗ്രം അയാളുടെ നെഞ്ചിലേക്കമർത്തി. വിപരീതാഗ്രം തന്റെ കാതുകൾക്കുള്ളിൽ വളരെ മുൻപേതന്നെ ഉറപ്പിച്ചിരുന്നു.
            അയാളുടെ ഹൃദയസ്പന്ദനത്തിന്റെ അടഞ്ഞ താളം തന്റെ കാതുകളിലേക്ക് രാഹുൽ ഒപ്പിയെടുത്തു. അതിലേക്ക് താൻ പുസ്തകങ്ങളിൽ നിന്നും സ്വായത്തമാക്കിയവയെക്കൂടി ചേർത്തുവച്ചു. പരിണിതഫലം കുറെയേറെ സംശയങ്ങൾ മാത്രമായി അവശേഷിച്ചു. മറ്റെന്തെങ്കിലും ചിന്തകൾ മനസ്സിനെ ആക്രമിക്കുന്നു എന്ന തോന്നൽ രൂപപ്പെടുന്നതിനു വക നൽകാതെ രാഹുൽ തന്റെ ഫോണിൽ വിരലുകൾ പലഭാഗത്തേക്കായി ചലിപ്പിച്ചു. ഡോക്ടർ ഗീത.
            ചേച്ചീ ഐ.സി.യു
മറുപടി കേൾക്കുവാനുള്ള സമയമില്ലായെന്ന മട്ടിൽ ഫോൺ തന്റെ പോക്കറ്റിലേക്ക് നിക്ഷേപിച്ച് രോഗിയുടെ ചലനങ്ങൾ ഒരിക്കൽക്കൂടി നിരീക്ഷിക്കപ്പെടുകയും അയാളുടെ ജീവൻ നിലനിൽക്കുന്നതിനാവശ്യമായ കൃത്രിമശ്വാസം നല്കുന്നതിനു വേണ്ടിയുള്ള ഉപകരണത്തിന്റെ ഒരു ഭാഗം അയാളുടെ മൂക്കിനേയും ഒപ്പം വായയേയും ആവരണം ചെയ്യപ്പെടുകയും കൃത്യമായ ഇടവേളകളിൽ അത് ഉപയോഗിക്കപ്പെടുകയും ചെയ്തു.
            എന്താ കേസ്?
ഡോക്ടർ ഗീത വളരെവേഗം എത്തിയെന്നുള്ള വസ്തുത അവരുടെ ശബ്ദത്തിൽ നിന്നും വ്യക്തമായതു കൊണ്ടുള്ള ആശ്വാസത്തിൽ രാഹുൽ മുഖമുയർത്തി.
            സി എൽ ഡി യാ ടു ത്രീ എപ്പിസോഡ്‌സ് ഓഫ് 1ഹെമറ്റമിസിസ് ഉണ്ടായിരുന്നു. നൗ ഹാർട്ട് വോൺട് റെസ്പോണ്ട്”.
            “ഉം എൻ എസ്സ് ഹൈ ഫ്ലോയിൽ ഇട്ടേക്ക്. കണക്ട് ദ ഇ സി ജി മോണിറ്റർ ഓൾസോ.
ശബ്ദസഞ്ചാരത്തിന്റെ വേഗത ശാരീരിക പ്രവർത്തികൾക്ക് ലഭിക്കില്ലെങ്കിൽക്കൂടി ദ്രുതഗതിയിൽ മോണിറ്റർ അയാളുടെ ശരീരവുമായി ചേർക്കപ്പെട്ടു.
ബന്ധനങ്ങൾ മുറിഞ്ഞുതുടങ്ങിയ തരംഗങ്ങൾ അയാളുടെ ജീവന്റെ പ്രതിഫലനമെന്നോണം പ്രത്യക്ഷപ്പെടുകയും പലപ്പോഴായി അപ്രത്യക്ഷമാകുവാനുള്ള വ്യഗ്രത കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു.
            ഓൾമോസ്റ്റ് ഗോൺ.
ഡോക്ടർ ഗീതയുടെ വാക്കുകളിൽ പ്രത്യാശ നഷ്ടപ്പെട്ടതിനു തുല്യമായ ശബ്ദവിന്യാസം കാണപ്പെട്ടു.
            മദ്യം എന്നതിന്റെ പര്യായമായിരുന്നു അയാൾ. ഭാര്യയുടെ മരണം തനിക്കജ്ഞാതമായ ഏതോ രോഗത്തിനടിമയായതിനാലാണെന്ന അറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണത്തിനു മുന്നിലേക്കുള്ള വീര്യം കുറഞ്ഞ കൂടിയ വിഷം തെരഞ്ഞെടുത്തതിലുള്ള ചാരിതാർത്ഥ്യത്തിൽ അയാൾ നിദ്രയിലേക്ക് പതിക്കപ്പെട്ടു.
നേഴ്‌സസ് സ്റ്റേഷനുള്ളിലേക്ക് ഡോക്ടർ ഗീത പ്രവേശിക്കുകയും അവിടെ കാണപ്പെട്ട ആളൊഴിഞ്ഞ കസേരയിലേക്ക് തന്റെ ശരീരം പ്രതിഷ്ഠിക്കുകയും ചെയ്തു.
            എങ്ങനെയുണ്ട് കണ്ടീഷൻ?.
അവിടെയുണ്ടായിരുന്ന സിസ്റ്റർ നാൻസിയിൽ നിന്നുണ്ടായ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാക്കിയിട്ടെന്നോണം അവർ പ്രതികരിച്ചു.
            ഓൾമോസ്റ്റ് ഗോൺ. ഡിക്ലയർ ചെയ്തിട്ടില്ല”.
തെല്ലൊന്നു മുഖമുയർത്തിയ ശേഷം നാൻസി അല്പം മുൻപ് ചെയ്തുകൊണ്ടിരുന്ന എഴുത്തുകുത്തുകൾ വീണ്ടും തുടർന്നു. എന്നാൽ അതിനു വിഘാതം സൃഷ്ടിച്ചുകൊണ്ട് ഒരു മനുഷ്യശരീരം അവിടേക്ക് എത്തപ്പെട്ടു.
            സിസ്റ്ററേ അങ്ങേയറ്റത്തു കിടക്കുന്ന ആ മനുഷ്യന്റെ മൂക്കീന്നും വായീന്നും നുരേം പതേമൊക്കെ വരുന്നു.
ആ വാക്കുകളെ അവഗണിക്കാതെ സിസ്റ്റർ നാൻസി അത്തരത്തിലൊരു ദൂതുമായെത്തിയ മനുഷ്യനോടൊപ്പം അയാൾ പറഞ്ഞ ദിശയിലേക്ക് നടന്നെത്തി. ഒപ്പം ഡോക്ടർ ഗീതയും. അവർ അയാളുടെ കൈത്തണ്ടയിൽ കാണപ്പെട്ട ശുദ്ധരക്ത വാഹിനിക്കു മീതേ തന്റെ വിരലുകളമർത്തി. അവ യാതൊരു പ്രതികരണവും സൃഷ്ടിക്കാതെ നിലകൊണ്ടു. ഏകതാനമായ പദ്ധതി അയാളുടെ കണ്ഠത്തിലും ആവർത്തിക്കപ്പെട്ടുവെങ്കിലും പൂർവാവസ്ഥയിലുള്ള പ്രതികരണം നൽകപ്പെട്ടു.
            ഹൃദയസ്പന്ദനം നിലനിർത്തുന്നതിനാവശ്യമായ മരുന്നുകൾ നൽകുവാനുള്ള നിർദ്ദേശം നൽകപ്പെട്ടതിനൊപ്പം അയാളെ 2റീസസിറ്റേഷൻ റൂമിലേക്ക് എത്തിക്കുകയും എന്നാൽ പുനർജ്ജീവനം എന്നവസ്തുത അപ്പോഴേക്കും അയാളുടെ ശരീരം തിരസ്കരിക്കപ്പെടുന്ന അവസ്ഥയിലെത്തിപ്പെടുകയും ചെയ്തിരുന്നു.
            ഡോക്ടർ ഗീതയുടെ ഫോണിലേക്ക് ഒരിക്കൽക്കൂടി രാഹുലിന്റെ സന്ദേശം വഹിക്കപ്പെട്ടു.
            ഡെഡ്.
ഡോക്ടർ ഗീത തന്റെ കൈത്തണ്ടയിൽ ആലിംഗനം ചെയ്യപ്പെട്ടിരുന്ന നാഴികമണിയുടെ ഡിജിറ്റലൈസ്ഡ് നാനോ രൂപത്തിലേക്ക് തന്റെ ശ്രദ്ധയെ ഒരു നിമിഷത്തേക്ക് എത്തിച്ചു.
പലരിൽ നിന്നായി സന്ദേശങ്ങൾ വഹിച്ചുകൊണ്ട് ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു. അവയ്ക്ക് വിരാമം നൽകുവാനെന്നോണം അവർ റീസസിറ്റേഷൻ റൂമിനു പുറത്തെ ലോകത്തിൽ വിരാജിച്ചുകൊണ്ടിരുന്നു. രോഗികളേയും കടന്ന് വരാന്തയിലൂടെ മറ്റെന്തോ ലക്ഷ്യമാക്കി നടന്നു.
            തദവസരത്തിൽ തിരിച്ചറിയൽ രേഖ തയ്യാറാക്കപ്പെടുക്കയും പുനർജ്ജീവൻ മുറിയിൽ ശരീരം മാത്രമായി അവശേഷിച്ചിരുന്ന മനുഷ്യരൂപത്തിലേക്ക് അതു ബന്ധിക്കപ്പെടുകയും ചെയ്തു.
            Unknown
            Age  : ?
            IP No : 916143



1.  രക്തം ഛർദ്ദിക്കുന്ന അവസ്ഥ 
2.  Emergency requirement-നു വേണ്ടി വാർഡുകളിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനം.