23 October 2012

ജനറേഷന്‍



         അവളുടെ കഴുത്തിൽ മറ്റൊരുത്തന്റെ കരങ്ങൾ താലിച്ചരട് ചാർത്തുന്നതു കണ്ടപ്പോൾ വല്ലാത്തൊരു നൊമ്പരം തോന്നി.
         വർഷങ്ങൾ നീണ്ട പ്രണയമായിരുന്നു. ഒരുപാട് സ്നേഹിച്ചിരുന്നു, അവൾ.
         തിക്കും തിരക്കും കൂട്ടി ചുറ്റുമുണ്ടായിരുന്നവരൊക്കെ വയറുനിറയ്ക്കാനായി പാഞ്ഞു. വധൂവരന്മാർ ഉൾപ്പടെ കുറച്ചുപേർ മാത്രം അവിടെ അവശേഷിച്ചു. ഫ്ലാഷുകൾ മിന്നിക്കൊണ്ടേയിരുന്നു. വീഡിയോഗ്രാഫർമാർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു.
സന്തോഷമോ?. ദു:ഖമോ?. മൊണാലിസ ചിത്രം പോലെ അവളുടെ മുഖവും ഒന്നും വെളിപ്പെടുത്തിയില്ല.
"എന്നെയൊന്നു വിളിച്ചാൽ എവിടേയ്ക്കായലും ഞാൻ ഇറങ്ങി വരാം"
വീട്, വീട്ടുകാർ, നാട്ടുകാർ... ഒക്കെയ്ക്കുമുപരി 'ഞാൻ'. നിരവധി ഫ്ലാഷുകൾ തിങ്ങിനിറഞ്ഞപ്പോൾ തീരുമാനം അവളുടെ വീട്ടുകാരുടേതു തന്നെയാകട്ടെ എന്നുറപ്പിക്കേണ്ടി വന്നു.
         ബോറടിക്കുന്നു എന്നു തോന്നിയപ്പോൾ ഫോണെടുത്ത് വെറുതേ കീ പാഡിലൂടെ വിരലോടിച്ചു. എന്തൊക്കെയോ ഐക്കണുകൾ സ്ക്രീനിൽ വന്നുപോയി. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്ത് ലോഗിൻ സെലക്ട് ചെയ്തു.
എന്നോ ഒരിക്കൽ ഇതുപോലെ ഫ്രണ്ട്സിനിടയിൽ നിന്ന് അവളെന്നെത്തേടി, ഏയ് ഞാൻ അവളെത്തേടിയായിരുന്നില്ലേ?. പിന്നീടെപ്പോഴോ അത് പ്രണയത്തിനു വഴിമാറിക്കൊടുത്തു.
പ്രണയം.....?!.
ഇക്കാലത്ത് ആരെങ്കിലും സത്യസന്ധമായി പ്രണയിക്കുമോ?. അങ്ങനെയുണ്ടെങ്കിൽ അവൻ/അവൾ വെറും മണ്ടൻ. യൗവ്വനമാകുമ്പോൾ ആൺപെൺ ഭേദമന്യേ വളയയ്ക്കാനും വളയാനും തുടങ്ങും. ഏറെക്കുറേ പരാജയപ്പെടും, ചിലതൊക്കെ വിജയം കാണും. എന്തിന്?.
         ചിന്തകൾക്ക് ഭാരം കൂടിയെന്ന് തോന്നിയപ്പോൾ മുന്നിലിരുന്ന ആ സൗന്ദര്യ രൂപത്തിലേക്ക് പ്രകാശം തട്ടി തന്റെ റെറ്റിനയിലേക്ക് പതിച്ചു. അപ്പോഴേക്കും മനസ്സിൽ ആ സ്ഥിരം ചോദ്യം കടന്നു വന്നു. എന്തുകൊണ്ടോ ഉത്തരവും ഒപ്പമെത്തി.
"ശ്രമിച്ചാൽ വളയും"
"തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ല. തോൽക്കാൻ തുടങ്ങിയ ഇവിടെനിന്നു തന്നെ......."

18 March 2012

സമർപ്പണം...

"ഒരു ദിവസം നിങ്ങളെയൊക്കെ വീട്ടിലേക്ക് ക്ഷണിക്കും, അപ്പൊ എല്ലാവരും വരുമോ?"
ഞങ്ങളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അർത്ഥം മനസ്സിലാക്കിയിട്ടെന്ന പോലെ അവരും-മാധുരിയും-ചിരിച്ചു.
"ഉം, വീട്ടിലെത്തി അസുഖമൊക്കെ മാറിയാൽ പിന്നെ ഞങ്ങളെയൊക്കെ മറക്കില്ലേ?"
"പോടാ, മരിക്കും വരെ മറക്കില്ല."
എന്റെ ചോദ്യത്തിന് അല്പം ശകാരത്തോടെ അവർ മറുപടി പറഞ്ഞു.

                                       *    *    *    *    *    *    *    *

    രോഗികൾക്കു മരുന്നു നൽകി തിരികെ നഴ്സിംഗ് റൂമിലേക്ക് ഞങ്ങൾ അഞ്ചു സ്റ്റുഡന്റ്സും നടന്നു. കെയ്സ് ഷീറ്റുകൾ - രോഗവിവരങ്ങൾ രേഖപ്പെടുത്തുന്ന ഫയൽ - ക്രമത്തിൽ അടുക്കി വയ്ക്കുന്നതിനിടയിൽ ഒരു കെയ്സ് ഷീറ്റിലേക്ക് പെട്ടെന്ന് കണ്ണുകൾ ചലിച്ചു.
'മാധുരി'
ബേൺസ് - പൊള്ളലേറ്റവരുടെ - റൂമിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറി. ഉരുകിയ മാംസത്തിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറി. നെറ്റിട്ടു മറച്ച ബെഡുകൾക്കിടയിൽ നിന്നും ഒരു സ്ത്രീ പുറത്തേക്കു വന്നു, കൈയ്യിലുള്ള കുറിപ്പും ഗുളികയും കാട്ടി.
"ഇതെപ്പൊഴാ?"
"രാവിലെ"
"പേരെന്താ?"
"മാധുരി"
നെറ്റിനിടയിൽ നിന്നും ഒരു നേർത്ത ശബ്ദം പുറത്തേക്കു വന്നു.
ഒരു നിമിഷം അവരുടെ മുഖത്തേക്കൊന്നു നോക്കി. വല്ലാത്ത ഒരസ്വസ്ഥത തോന്നി.
"എന്താ പേടിയായോ കണ്ടിട്ട്?"
പുഞ്ചിരിച്ചുകൊണ്ട് നേർത്ത ശബ്ദത്തിൽ അവർ ചോദിച്ചു.
"എന്തിന്?"
ഞാനും അതേ പുഞ്ചിരിയിൽ പറഞ്ഞു.
മൂക്കിന്റെയും ചെവിയുടെയും ഏറിയ ഭാഗവും നശിച്ചിരിക്കുന്നു.
മറ്റുള്ള ബെഡുകളിലെ രോഗികളിലേക്കും കണ്ണുകൾ നീങ്ങി. കത്തിയെരിഞ്ഞ ചില ശരീരങ്ങൾ. ചിലതൊക്കെ ഇടയ്ക്ക് ഞെരങ്ങുന്നുണ്ട്. വേഗം പുറത്തേക്കിറങ്ങിയാലോ എന്നു ചിന്തിച്ചു.
ഒരു നിമിഷത്തെ തോന്നലിൽ എടുത്തു ചാടിയവരാണ് പലരും. അങ്ങനെയൊരു ചിന്ത മനസ്സിൽ കടന്നുകൂടിയ നിമിഷത്തെ അവർ ശപിക്കുന്നുണ്ടാവുമെന്നു തോന്നി.
ബേൺസ് റുമിന്റെ വാതിൽ തുറന്നു ഞാൻ പുറത്തിറങ്ങി. മനസ്സിൽ പതിഞ്ഞ രൂപങ്ങളൊക്കെ പുറത്തുപോകാൻ മടികാട്ടി നിന്നു.
വീണ്ടുമൊരിക്കൽ കൂടി ആ വാതിൽ തുറന്ന്, പഞ്ഞിയും മരുന്നുമൊക്കെയടങ്ങിയ ട്രേ മാധുരിയുടെ ബെഡിനു സമീപത്തുണ്ടായിരുന്ന സ്റ്റാൻഡിൽ വച്ചു.
"എന്താ മാധുരീ രാവിലെ കഴിച്ചെ?"
സാധാരണ രോഗികളോടെന്ന പോലെ സംസാരത്തിനുള്ള തുടക്കം കുറിച്ചു.
"അപ്പം"
"എത്രയെണ്ണം കഴിച്ചു?"
ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും തുടർന്നുകൊണ്ടിരുന്നു. ഒപ്പം അവരുടെ ശരീരത്തിൽ നിന്നും പഴുപ്പും പൊള്ളലേറ്റ ഭാഗത്തെ നശിച്ച ചർമവും മറ്റും നീക്കം ചെയ്തു. ജീവിക്കുവാനുള്ള ആഗ്രഹം അവരെക്കാളേറെ അവരുടെ പ്രിയപ്പെട്ടവർക്കുള്ളതു പോലെ തോന്നുന്നു.
    ഞങ്ങളുടെ സംസാരത്തിനിടയിലെപ്പോഴോ മാധുരിയും കടന്നുകൂടിയിരുന്നു. അവരുടെ സംസാരം, മറ്റുള്ളവരുമായി അവരുടെ പെരുമാറ്റം, ജീവിതവീക്ഷണം ഒക്കെ മറ്റുള്ളവരിൽ നിന്നും മാധുരിയെ വ്യത്യസ്ഥയാക്കി. ഓരോ ദിവസവും കഴിയുന്തോറും അവരോടുള്ള അടുപ്പം ഞങ്ങൾക്ക് കൂടിക്കൂടി വന്നു. ഒരുപക്ഷേ ഞങ്ങളുടെ പ്രിയപ്പെട്ട ആരെയോ പോലെ.
    പിന്നീട് പലപ്പോഴും മാധുരിയുടെ മുന്നിലെത്തുമ്പോഴൊക്കെ സംസാരത്തിനു തുടക്കം കുറിച്ചിരുന്നത് അവരായിരുന്നു.
"ഗുഡ് മോണിംഗ്"
"ഉം, ഗുഡ് മോണിംഗ്, എങ്ങനെയുണ്ട് മാധുരിച്ചേച്ചീ"
"കഴുത്തിൽ ഒരുപാട് ഡെഡ് ടിഷ്യൂ ഉള്ളതുപോലെ തോന്നുന്നു!"
"ഏയ്, അതു വെറുതേ തോന്നുന്നതാ."
"അനുജത്തി വിളിച്ചിരുന്നോ?"
"ഉം ഇന്നലെ വൈകുന്നേരം"
"എന്തിനാ ഇതു ചെയ്തേ? ചെയ്തത് തെറ്റായിപ്പോയെന്നും തോന്നുന്നില്ലേ?"
"ഉം, ശരിക്കും. ചേട്ടനെ (ഭർത്താവിനെ) ഒരുപാടു സ്നേഹിച്ചുപോയി. അൽപ്പം വിഷമിപ്പിച്ചപ്പൊപോലും താങ്ങാൻ പറ്റിയില്ല."
"ഇനിയാവർത്തിക്കുമോ ഇങ്ങനെ, ങേ?"
"ഒരിയ്ക്കലുമില്ല, ഒരുപാട് അനുഭവിച്ചു, പഠിച്ചു, എനിക്കറിയില്ലായിരുന്നു ഇങ്ങനെയൊക്കെയാകുമെന്ന് "
വീണ്ടും ചോദ്യങ്ങളോരോന്നായി എറിഞ്ഞുകൊണ്ടിരുന്നു. ഉത്തരങ്ങൾ തിരികെയും.
വിശപ്പ് ശരീരത്തെ പിടിച്ചു വലിക്കുന്നതിനാലാകാം, എവിടെയോ വച്ച് സംസാരമവസാനിപ്പിച്ച് പുറത്തേക്കിറങ്ങി.
 ജീവിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു മാധുരിയെന്ന് സംസാരത്തിനിടയിൽ നിന്ന് പലപ്പോഴും തോന്നി.
    പുതിയ വാർഡിലെ പോസ്റ്റിംഗിനിടയിൽ പലപ്പോഴും മാധുരിയെക്കുറിച്ച് ചിന്തിച്ചു, കാണണമെന്ന് പലപ്പോഴും കരുതി.
മാധുരിയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ അവരുടെ ഭർത്താവിന്റെ രൂപം മനസ്സിലേക്ക് കടന്നുവന്നു. ചെയ്ത തെറ്റുകളുടെ പശ്ചാത്താപം അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു.
    പിന്നീടെപ്പോഴോ ഫ്രണ്ട്സിൽ നിന്നറിഞ്ഞു, മാധുരിയെ ഡിസ്ചാർജ് ചെയ്തു. ഞങ്ങൾ കണ്ടതിൽ ബേൺസ് റൂമിലെ തണുത്ത അന്തരീക്ഷത്തിൽ നിന്നും പുറത്തെ ശുദ്ധവായുവിലേക്ക് ജീവനോടെ മടങ്ങിപ്പോയ ഒരേയൊരാൾ.
    ബ്ലോഗിൽ ആദ്യത്തെ പോസ്റ്റ് ഇടുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എന്തെഴുതും? മറ്റുള്ളവരുടെ ദു:ഖമെഴുതിയാലൊ? എന്റെ ചുറ്റിനുമുള്ളതൊക്കെ എഴുതാം. ചിന്തകളെ അങ്ങുമിങ്ങും വട്ടം കറക്കി ക്യാഷ്വാലിറ്റിക്കു മുന്നിലൂടെ നടന്നു. അപായ ശബ്ദങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിനു മുന്നിൽ പരിചയമുള്ള കുറച്ചു മുഖങ്ങൾ, മാധുരിയുടെ ഭർത്താവും അമ്മയും. എന്റെ ചിന്തകളെയൊക്കെ പിന്നിലെവിടെയോ ഉപേക്ഷിച്ച് ഞാനവരുടെ മുന്നിലേക്ക് ചെന്നു. അയാൾ അലക്ഷ്യമായി എവിടെയോ നോക്കിനിൽക്കുന്നു.
"എന്തു പറ്റി, വീണ്ടുമഡ്മിറ്റ് ചെയ്തോ?"
ഉത്തരം പറഞ്ഞത് അമ്മയാണ്.
"ഇല്ല"
"പിന്നെന്താ ഇവിടെ?"
സംശയത്തോടെ ഞാൻ തിരക്കി.
    അകത്ത് തണുത്ത് വിറങ്ങലിച്ച് കിടക്കുന്ന ആ രൂപം ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി..