18 March 2012

സമർപ്പണം...

"ഒരു ദിവസം നിങ്ങളെയൊക്കെ വീട്ടിലേക്ക് ക്ഷണിക്കും, അപ്പൊ എല്ലാവരും വരുമോ?"
ഞങ്ങളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അർത്ഥം മനസ്സിലാക്കിയിട്ടെന്ന പോലെ അവരും-മാധുരിയും-ചിരിച്ചു.
"ഉം, വീട്ടിലെത്തി അസുഖമൊക്കെ മാറിയാൽ പിന്നെ ഞങ്ങളെയൊക്കെ മറക്കില്ലേ?"
"പോടാ, മരിക്കും വരെ മറക്കില്ല."
എന്റെ ചോദ്യത്തിന് അല്പം ശകാരത്തോടെ അവർ മറുപടി പറഞ്ഞു.

                                       *    *    *    *    *    *    *    *

    രോഗികൾക്കു മരുന്നു നൽകി തിരികെ നഴ്സിംഗ് റൂമിലേക്ക് ഞങ്ങൾ അഞ്ചു സ്റ്റുഡന്റ്സും നടന്നു. കെയ്സ് ഷീറ്റുകൾ - രോഗവിവരങ്ങൾ രേഖപ്പെടുത്തുന്ന ഫയൽ - ക്രമത്തിൽ അടുക്കി വയ്ക്കുന്നതിനിടയിൽ ഒരു കെയ്സ് ഷീറ്റിലേക്ക് പെട്ടെന്ന് കണ്ണുകൾ ചലിച്ചു.
'മാധുരി'
ബേൺസ് - പൊള്ളലേറ്റവരുടെ - റൂമിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറി. ഉരുകിയ മാംസത്തിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറി. നെറ്റിട്ടു മറച്ച ബെഡുകൾക്കിടയിൽ നിന്നും ഒരു സ്ത്രീ പുറത്തേക്കു വന്നു, കൈയ്യിലുള്ള കുറിപ്പും ഗുളികയും കാട്ടി.
"ഇതെപ്പൊഴാ?"
"രാവിലെ"
"പേരെന്താ?"
"മാധുരി"
നെറ്റിനിടയിൽ നിന്നും ഒരു നേർത്ത ശബ്ദം പുറത്തേക്കു വന്നു.
ഒരു നിമിഷം അവരുടെ മുഖത്തേക്കൊന്നു നോക്കി. വല്ലാത്ത ഒരസ്വസ്ഥത തോന്നി.
"എന്താ പേടിയായോ കണ്ടിട്ട്?"
പുഞ്ചിരിച്ചുകൊണ്ട് നേർത്ത ശബ്ദത്തിൽ അവർ ചോദിച്ചു.
"എന്തിന്?"
ഞാനും അതേ പുഞ്ചിരിയിൽ പറഞ്ഞു.
മൂക്കിന്റെയും ചെവിയുടെയും ഏറിയ ഭാഗവും നശിച്ചിരിക്കുന്നു.
മറ്റുള്ള ബെഡുകളിലെ രോഗികളിലേക്കും കണ്ണുകൾ നീങ്ങി. കത്തിയെരിഞ്ഞ ചില ശരീരങ്ങൾ. ചിലതൊക്കെ ഇടയ്ക്ക് ഞെരങ്ങുന്നുണ്ട്. വേഗം പുറത്തേക്കിറങ്ങിയാലോ എന്നു ചിന്തിച്ചു.
ഒരു നിമിഷത്തെ തോന്നലിൽ എടുത്തു ചാടിയവരാണ് പലരും. അങ്ങനെയൊരു ചിന്ത മനസ്സിൽ കടന്നുകൂടിയ നിമിഷത്തെ അവർ ശപിക്കുന്നുണ്ടാവുമെന്നു തോന്നി.
ബേൺസ് റുമിന്റെ വാതിൽ തുറന്നു ഞാൻ പുറത്തിറങ്ങി. മനസ്സിൽ പതിഞ്ഞ രൂപങ്ങളൊക്കെ പുറത്തുപോകാൻ മടികാട്ടി നിന്നു.
വീണ്ടുമൊരിക്കൽ കൂടി ആ വാതിൽ തുറന്ന്, പഞ്ഞിയും മരുന്നുമൊക്കെയടങ്ങിയ ട്രേ മാധുരിയുടെ ബെഡിനു സമീപത്തുണ്ടായിരുന്ന സ്റ്റാൻഡിൽ വച്ചു.
"എന്താ മാധുരീ രാവിലെ കഴിച്ചെ?"
സാധാരണ രോഗികളോടെന്ന പോലെ സംസാരത്തിനുള്ള തുടക്കം കുറിച്ചു.
"അപ്പം"
"എത്രയെണ്ണം കഴിച്ചു?"
ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും തുടർന്നുകൊണ്ടിരുന്നു. ഒപ്പം അവരുടെ ശരീരത്തിൽ നിന്നും പഴുപ്പും പൊള്ളലേറ്റ ഭാഗത്തെ നശിച്ച ചർമവും മറ്റും നീക്കം ചെയ്തു. ജീവിക്കുവാനുള്ള ആഗ്രഹം അവരെക്കാളേറെ അവരുടെ പ്രിയപ്പെട്ടവർക്കുള്ളതു പോലെ തോന്നുന്നു.
    ഞങ്ങളുടെ സംസാരത്തിനിടയിലെപ്പോഴോ മാധുരിയും കടന്നുകൂടിയിരുന്നു. അവരുടെ സംസാരം, മറ്റുള്ളവരുമായി അവരുടെ പെരുമാറ്റം, ജീവിതവീക്ഷണം ഒക്കെ മറ്റുള്ളവരിൽ നിന്നും മാധുരിയെ വ്യത്യസ്ഥയാക്കി. ഓരോ ദിവസവും കഴിയുന്തോറും അവരോടുള്ള അടുപ്പം ഞങ്ങൾക്ക് കൂടിക്കൂടി വന്നു. ഒരുപക്ഷേ ഞങ്ങളുടെ പ്രിയപ്പെട്ട ആരെയോ പോലെ.
    പിന്നീട് പലപ്പോഴും മാധുരിയുടെ മുന്നിലെത്തുമ്പോഴൊക്കെ സംസാരത്തിനു തുടക്കം കുറിച്ചിരുന്നത് അവരായിരുന്നു.
"ഗുഡ് മോണിംഗ്"
"ഉം, ഗുഡ് മോണിംഗ്, എങ്ങനെയുണ്ട് മാധുരിച്ചേച്ചീ"
"കഴുത്തിൽ ഒരുപാട് ഡെഡ് ടിഷ്യൂ ഉള്ളതുപോലെ തോന്നുന്നു!"
"ഏയ്, അതു വെറുതേ തോന്നുന്നതാ."
"അനുജത്തി വിളിച്ചിരുന്നോ?"
"ഉം ഇന്നലെ വൈകുന്നേരം"
"എന്തിനാ ഇതു ചെയ്തേ? ചെയ്തത് തെറ്റായിപ്പോയെന്നും തോന്നുന്നില്ലേ?"
"ഉം, ശരിക്കും. ചേട്ടനെ (ഭർത്താവിനെ) ഒരുപാടു സ്നേഹിച്ചുപോയി. അൽപ്പം വിഷമിപ്പിച്ചപ്പൊപോലും താങ്ങാൻ പറ്റിയില്ല."
"ഇനിയാവർത്തിക്കുമോ ഇങ്ങനെ, ങേ?"
"ഒരിയ്ക്കലുമില്ല, ഒരുപാട് അനുഭവിച്ചു, പഠിച്ചു, എനിക്കറിയില്ലായിരുന്നു ഇങ്ങനെയൊക്കെയാകുമെന്ന് "
വീണ്ടും ചോദ്യങ്ങളോരോന്നായി എറിഞ്ഞുകൊണ്ടിരുന്നു. ഉത്തരങ്ങൾ തിരികെയും.
വിശപ്പ് ശരീരത്തെ പിടിച്ചു വലിക്കുന്നതിനാലാകാം, എവിടെയോ വച്ച് സംസാരമവസാനിപ്പിച്ച് പുറത്തേക്കിറങ്ങി.
 ജീവിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു മാധുരിയെന്ന് സംസാരത്തിനിടയിൽ നിന്ന് പലപ്പോഴും തോന്നി.
    പുതിയ വാർഡിലെ പോസ്റ്റിംഗിനിടയിൽ പലപ്പോഴും മാധുരിയെക്കുറിച്ച് ചിന്തിച്ചു, കാണണമെന്ന് പലപ്പോഴും കരുതി.
മാധുരിയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ അവരുടെ ഭർത്താവിന്റെ രൂപം മനസ്സിലേക്ക് കടന്നുവന്നു. ചെയ്ത തെറ്റുകളുടെ പശ്ചാത്താപം അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു.
    പിന്നീടെപ്പോഴോ ഫ്രണ്ട്സിൽ നിന്നറിഞ്ഞു, മാധുരിയെ ഡിസ്ചാർജ് ചെയ്തു. ഞങ്ങൾ കണ്ടതിൽ ബേൺസ് റൂമിലെ തണുത്ത അന്തരീക്ഷത്തിൽ നിന്നും പുറത്തെ ശുദ്ധവായുവിലേക്ക് ജീവനോടെ മടങ്ങിപ്പോയ ഒരേയൊരാൾ.
    ബ്ലോഗിൽ ആദ്യത്തെ പോസ്റ്റ് ഇടുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എന്തെഴുതും? മറ്റുള്ളവരുടെ ദു:ഖമെഴുതിയാലൊ? എന്റെ ചുറ്റിനുമുള്ളതൊക്കെ എഴുതാം. ചിന്തകളെ അങ്ങുമിങ്ങും വട്ടം കറക്കി ക്യാഷ്വാലിറ്റിക്കു മുന്നിലൂടെ നടന്നു. അപായ ശബ്ദങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിനു മുന്നിൽ പരിചയമുള്ള കുറച്ചു മുഖങ്ങൾ, മാധുരിയുടെ ഭർത്താവും അമ്മയും. എന്റെ ചിന്തകളെയൊക്കെ പിന്നിലെവിടെയോ ഉപേക്ഷിച്ച് ഞാനവരുടെ മുന്നിലേക്ക് ചെന്നു. അയാൾ അലക്ഷ്യമായി എവിടെയോ നോക്കിനിൽക്കുന്നു.
"എന്തു പറ്റി, വീണ്ടുമഡ്മിറ്റ് ചെയ്തോ?"
ഉത്തരം പറഞ്ഞത് അമ്മയാണ്.
"ഇല്ല"
"പിന്നെന്താ ഇവിടെ?"
സംശയത്തോടെ ഞാൻ തിരക്കി.
    അകത്ത് തണുത്ത് വിറങ്ങലിച്ച് കിടക്കുന്ന ആ രൂപം ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി..

21 comments:

 1. എഴുത്ത് നന്നായിരിക്കുന്നു. കൂടെ സഞ്ചരിക്കുന്ന അനുഭവം. മാധുരി ഒരു പ്രത്യേക കഥാപാത്രമായി മനസ്സില്‍ നിറഞ്ഞപ്പോഴും എന്തിന് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
  ആശംസകള്‍.

  ReplyDelete
  Replies
  1. എനിയ്ക് ഒരിയ്കലും മറക്കാന്‍ കഴിയാത്ത രോഗി ആണ് അവര്‍

   Delete
 2. വായിച്ചു. എഴുത്ത് തുടരുക. ആശംസകളോടെ.

  ReplyDelete
 3. എഴുത്തില്‍ മാത്രം ശ്രദ്ധിക്കുക.

  കമന്റില്‍ word verification മാറ്റുക
  ബ്ലോഗില്‍ സൈന്‍ ഇന്‍ ഭാഗം നില നിര്‍ത്തുക
  ആശംസകള്‍

  ReplyDelete
 4. പുതിയ ബ്ലോഗര്‍ക്ക് എല്ലാവിധ ആശംസകളും ..കൂടുതല്‍ വായിക്കുക ..എഴുതാന്‍ തോന്നുമ്പോള്‍ എഴുതുക ..

  ReplyDelete
 5. പുതിയ ബ്ലോഗിന് ആശംസകള്‍....ഒരുപാടൊരുപാട് എഴുതാന്‍ കഴിയുമാറാകട്ടെ....

  ReplyDelete
 6. പ്രസിദ്ധീകരിക്കുന്നതിന്‍റെ എണ്ണത്തിന് പ്രാധാന്യം കൊടുക്കാതെ
  മനസ്സിന് തൃപ്തിയായതും,ഗുണം നിറഞ്ഞതുമായവ പ്രസിദ്ധീകരിക്കാന്‍
  ശ്രമിക്കുക. രമേശ് സാര്‍ പറഞ്ഞത്‌ ഞാനും ആവര്‍ത്തിക്കുന്നു "കൂടുതല്‍ വായിക്കുക"
  രചന നന്നായിട്ടുണ്ട്.
  എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
 7. എഴുത്ത് നന്നായിട്ടുണ്ട്.
  തുടരുക.
  ആശംസകൾ നേരുന്നു
  സസ്നേഹം..പുലരി

  ReplyDelete
 8. '....മനസ്സിൽ പതിഞ്ഞ രൂപങ്ങളൊക്കെ പുറത്തുപോകാൻ മടിച്ചുനിന്നു...’ എനിക്കും അങ്ങനെ തോന്നി. നല്ല ഒരനുഭവം നല്ല ശൈലിയിൽ എഴുതി. ‘എന്തിന് അവരതു ചെയ്തു’വെന്ന് ചിന്തിച്ചുപോകുന്നു. ‘മാധുരി’ മായാതെ മനസ്സിൽ ജീവിച്ചിരിക്കും. തുടർന്ന് എഴുതണം. അനുമോദനങ്ങൾ....

  ReplyDelete
 9. വളരെ നല്ല എഴുത്ത്.ഹൃദയസ്പര്‍ശമായി അവതരിപ്പിച്ചു.ആശംസകള്‍

  ReplyDelete
 10. നല്ല തുടക്കം. ആശംസകള്‍ അറിയിക്കുന്നു.
  surumah.blogspot.com

  ReplyDelete
 11. നല്ല തുടക്കം..തുടർന്നെഴുതൂ..ആശംസകൾ..
  സസ്നേഹം,
  പഥികൻ

  ReplyDelete
 12. ആശംസകള്‍! ഒന്നു എഡിറ്റ്‌ ചെയ്തിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനെ എന്ന് തോന്നുന്നു. ഇനിയും എഴുതുക. വീണ്ടും വരാം.

  ReplyDelete
 13. പാതിവഴിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഇറങ്ങിയ മാധുരി പൊള്ളല്‍ ഏറ്റ ചിന്തകള്‍ ഇന്ന് ജീവിതത്തെ വീണ്ടും ലക്ഷ്യത്തോടെ കാണാന്‍ ശ്രമിക്കുകയാണ് കാണാന്‍ കയിയട്ടെ എയുത്തും വായനയും തുടരൂ ആശസകള്‍

  ReplyDelete
 14. ബൂലോകത്തേക്ക് സുസ്വാഗതം.. നന്നായി എഴുതിയിരിക്കുന്നു. മനസില്‍ തങ്ങി നില്‍ക്കുന്നു രംഗങ്ങള്‍.. എല്ലാ ആശംസകളും നേരുന്നു. ജീവിത ഗന്ധിയായ കഥകള്‍ ഇനിയുമേറെ എഴുതാനാവട്ടെ..

  ReplyDelete
 15. അനുഭവത്തെ ആ ലേബലില്‍ ചേര്‍ക്കുന്നതാണുചിതം.
  കഥയ്ക്ക് അടിസ്ഥാനം അനുഭവങ്ങള്‍ തന്നെയാണ്, വായനയിലുടെയും സ്വാനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ആവാം അതൊക്കെയും.

  കണ്‍മുന്നില്‍ എരിഞ്ഞമരുന്നത് കഥയായ് രൂപാന്തരപ്പെടുത്തുന്നതില്‍ കുഴപ്പമില്ലെങ്കിലും അത് അനുഭവമാണെന്ന് വിളിച്ച് പറയുമ്പോള്‍ എന്തോ ഒരു മുതലെടുപ്പ് അതില്‍ കാണുന്ന (എനിക്ക്) പോലെ..

  എഴുത്ത് നന്നായിട്ടുണ്ട്.
  തുടരട്ടെ, ആശംസകള്‍.

  ReplyDelete
 16. അദിപ്രായങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും നന്ദി.

  ReplyDelete
 17. നിശാസുരഭി, മനസില്‍ തോന്നിയത് കഥാ രൂപത്തില്‍ എഴുതിയെന്നേയുള്ളു.:-)

  ReplyDelete
 18. Replies
  1. valare nannayittundu..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM........... vaayikkane.......

   Delete

Note: only a member of this blog may post a comment.